09:12am 13 November 2026
NEWS
ഒരു ദിവസം മുഴുവൻ ചതുപ്പിൽ കിടന്ന് അന്ധവയോധികൻ; ചേർത്തലയിൽ ഞെട്ടിക്കുന്ന ദുരിതജീവിതം; ഒടുവിൽ രക്ഷയായി നാട്ടുകാർ
27/06/2026  07:58 AM IST
nila
ഒരു ദിവസം മുഴുവൻ ചതുപ്പിൽ കിടന്ന് അന്ധവയോധികൻ; ചേർത്തലയിൽ ഞെട്ടിക്കുന്ന ദുരിതജീവിതം; ഒടുവിൽ രക്ഷയായി നാട്ടുകാർ

ചേർത്തല: അനാരോഗ്യവും നിസ്സഹായാവസ്ഥയും കാരണം അന്ധനായ വയോധികന് വീടിനോട് ചേർന്ന ചതുപ്പിൽ കിടക്കേണ്ടി വന്നതേ ഒരു ദിവസത്തോളം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംഭവം. വയലാർ എട്ടുപുരയ്ക്കലിൽ താമസിക്കുന്ന കിഴക്കേത്തറ ജയദേവൻ (69) ആണ് ഈ ദുരവസ്ഥ നേരിട്ടത്. വീട്ടിലുണ്ടായിരുന്ന സഹോദരി യശോദ (67) അവശനിലയിലായിരുന്നു. അവരുടെ മകൻ ലിജു (41) മാനസിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലുമായിരുന്നു.

വ്യാഴാഴ്ച ചതുപ്പിൽ വീണ ജയദേവനെ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് നാട്ടുകാർ കണ്ടെത്തിയത്. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഗ്രാമപ്പഞ്ചായത്തംഗം കുഞ്ഞുമോൾ റോയിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

പൊതുപ്രവർത്തകരും അയൽവാസികളും ചേർന്ന് ജയദേവനെയും യശോദയെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇരുവരെയും ആറാട്ടുപുഴയിലെ സാമൂഹിക ക്ഷേമവകുപ്പിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ലിജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ക്ഷേമപെൻഷൻ മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വയം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതിരുന്ന ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ പലപ്പോഴും അയൽവാസികളാണ് എത്തിച്ചിരുന്നത്. മഴ ശക്തമായതോടെ വീട് കൂടുതൽ ഒറ്റപ്പെടുകയും ദുരിതം രൂക്ഷമാകുകയും ചെയ്തു.

ജയദേവനെയും യശോദയെയും ഒരുമിച്ച് അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് തുടക്കത്തിൽ സാങ്കേതിക തടസ്സമുണ്ടായെങ്കിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിമലിന്റെ ഇടപെടലിനെ തുടർന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് രാത്രിയോടെ ഇരുവരെയും ഒരുമിച്ച് അഭയകേന്ദ്രത്തിലേക്കും ലിജുവിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റാൻ സാധിച്ചത്.

ആശാ പ്രവർത്തക റീത്താമ്മ ജോസഫ്, പ്രദേശവാസികളായ ലിസി, ജയ, അനിൽകുമാർ, അനീഷ് കൊല്ലാറ, തിലകൻ മാനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ചേർത്തല പോലീസും സാമൂഹികക്ഷേമ വകുപ്പും ചേർന്നാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.